2012, മാർച്ച് 6, ചൊവ്വാഴ്ച

ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ..അഥവാ സ്ത്രീകളുടെ ശബരിമല








എന്റെ ജില്ലയിലെ  ഒരു പക്ഷെ..ഏറ്റവും പ്രധാനപ്പെട്ട ഉത്സവങ്ങളില്‍ ഒന്ന് എന്ന് തന്നെ പറയാം ആറ്റുകാല്‍ പൊങ്കാല ..ഇത്രയും സ്ത്രീജനങ്ങള്‍ ഒത്തുകൂടുന്ന മറ്റൊരു ചടങ്ങ് വേറെ ഉണ്ടോ എന്നത് തന്നെ സംശയമാണ് ..അതിനാല്‍ തന്നെ സ്ത്രീകളുടെ  ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാല്‍ പൊങ്കാലയെ കുറിച്ച് പറയാതിരിക്കാന്‍ ഈ പാവം പ്രവാസിക്ക് കഴിയില്ല..പൊങ്കാലയെ കുറിച്ച്  പറയും മുന്നേ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തെ കുറിച്ചുകൂടി പറയണമല്ലോ..അതിനാല്‍ പാവം പ്രവാസി ആദ്യം ക്ഷേത്രത്തെ കുറിച്ച് അല്പം പറയാം    തിരുവനന്തപുരം  ജില്ലയിലെ പ്രശസ്തവും വലുതുമായ ദേവീ ക്ഷേത്രമാണ് ആറ്റുകാൽ ഭഗവതി ക്ഷേത്രം. തിരുവനന്തപുരം നഗരത്തിൽ നിന്നും 2 കിലോമീറ്റർ തെക്കുമാറി ആറ്റുകാൽ എന്ന സ്ഥലത്ത് കിള്ളിയാറിന്റെതീരത്ത് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. .തെക്കു കന്യാകുമാരി മുതല്‍ വടക്ക് ഗോകര്‍ണം വരെ വ്യാപിച്ചു കിടക്കുന്ന കേരളനാട്ടില്‍ നിരവധി ദേവീക്ഷേത്രങ്ങളുണ്ടെങ്കിലും സ്ത്രീകളായ ഭക്തജനങ്ങളെ നിരന്തരം ആകര്‍ഷിച്ചുകൊണ്ടിരിക്കുന്ന ആരാധാന കേന്ദ്രമാണ് ആറ്റുകാല്‍ ഭഗവതി ക്ഷേത്രം. നാനാജാതിമതസ്ഥരായ ലക്ഷക്കണക്കിനു ഭക്തജനങ്ങളുടെ വിശ്വാസം സമാര്‍ജ്ജിച്ചിട്ടുള്ള ഈ ദേവീ ക്ഷേത്രം ചൈതന്യപ്രഭാവം കൊണ്ട് കേരളത്തിലെ പ്രധാന ദേവാലയങ്ങളില്‍ ഓന്നായി മാറിക്കഴിഞ്ഞു. സഹ്യസാനുക്കളുടെ അപ്പുറത്തുനിന്നു ക്ഷേത്രം സന്ദര്‍ശിക്കുന്നതിനും അമ്മയുടെ അനുഗ്രഹം നേടുന്നതിനുമായി വരുന്ന ഭക്തജനങ്ങളുടെ സംഖ്യ അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു  ...
ഈ ക്ഷേത്രത്തിലും പരിസരത്തുമായി നടക്കുന്ന ആറ്റുകാൽ പൊങ്കാലപ്രശസ്തമാണ്. പൊങ്കാല സമയത്ത് സ്ത്രീകളുടെ ശബരിമലഎന്നറിയപ്പെടുന്ന ഈ ക്ഷേത്രവും അതിനു പരിസരങ്ങളായ തിരുവനന്തപുരം നഗരവും ജനനിബിഡമാകാറുണ്ട്. ക്ഷേത്ര പരിസരത്തുനിന്നും ഏകദേശം 4 കി.മീറ്ററോളം റോഡിന് ഇരുവശത്തും പൊങ്കാല അടുപ്പുകൾ കൊണ്ട് നിറയും. അതുകൊണ്ട് തന്നെ ലോകത്തിൽ ഏറ്റവും കൂടുതൽ സ്ത്രീകൾ പങ്കെടുക്കുന്ന ഈ ചടങ്ങ് ഗിന്നസ് ബുക്കിലും ഇടം നേടി..അപ്പോള്‍ ലോക പ്രശസ്തമായ ആറ്റുകാൽ പൊങ്കാലയെ കുറിച്ച് പറയേണ്ടതല്ലേ.. നമ്മള്‍ ഓരോ കേരളീയനും അഭിമാനിക്കാവുന്നത്‌ തന്നെയാണ് ഈ മഹോത്സവം ..സംശമില്ല ..!!
ലോകത്തെ ഏറ്റവും കൂടുതൽ സ്ത്രീകൾ ഒത്തുകൂടുന്ന ഉത്സവം എന്ന പേരിലാണ്‌ ഗിന്നസ് ബുക്കിൽ ഈ ഉത്സവം അറിയപ്പെടുന്നത്. 1997 ഫെബ്രുവരി 23-ന്‌ നടന്ന പൊങ്കാലയിൽ 1.5 മില്യൺ സ്ത്രീകൾ പങ്കെടുത്തതു അടിസ്ഥാനമാക്കിയാണ്‌ ഈ ചടങ്ങ് ഗിന്നസ് ബുക്കിൽ കയറിയത്....അതും  നമുക്ക് അഭിമാനമല്ലേ..?.....ഇനി പൊങ്കാലയിലേക്ക് കടക്കാം നമുക്ക് ..ഒപ്പം ഐതിഹ്യം എന്താണെന്ന് നോക്കാം ആദ്യം ..

''ആറ്റുകാൽ പ്രദേശത്തെ മുഖ്യ തറവാടായിരുന്നു മുല്ലവീട്ടിൽ തറവാട്. അവിടെത്തെ പരമസാത്വികനായിരുന്ന കാരണവർ ഒരിക്കൽ കിള്ളിയാറ്റില്‍ കുളിക്കുമ്പോൾ ആറിന് അക്കരെ ഒരു ബാലിക പ്രത്യക്ഷപ്പെട്ടു. ബാലിക തന്നെ അക്കരെ കടത്തിവിടാൻ കാരണവരോട് പറഞ്ഞു. അക്കരെ കടത്തിയ കാരണവർ ബാലികയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി. ബാലികയെ സ്വീകരിക്കാനുള്ള സജ്ജീകരണങ്ങൾക്കായി അകത്തേക്ക് പോയ കാരണവർ തിരികെ വരുമ്പോഴേക്കും ബാലിക അപ്രത്യക്ഷയായി. അന്ന് രാത്രിയിൽ കാരണവർക്ക് സ്വപ്നദർശനം ഉണ്ടായി. സ്വപ്നത്തിൽ ദേവി പ്രത്യക്ഷപ്പെട്ട്, തന്നെ അടുത്തുള്ള കാവില്‍  മൂന്ന് വര കാണുന്നിടത്ത് പ്രതിഷ്ഠ നടത്തി കുടിയിരുത്താൻ ആവശ്യപ്പെട്ടു. അപ്രകാരം രാവിലെ സ്വപ്നത്തിൽ ദർശനമുടായ സ്ഥലം കാണുകയും അവിടെ ക്ഷേത്രം പണിയുകയും ചെയ്തു. വർഷങ്ങൾക്ക് ശേഷം ക്ഷേത്രം പുതുക്കുകയും കൈകളിൽ ശൂലം, അസി, ഫലകം, കങ്കാളം എന്നിവ ധരിച്ച ചതുർബാഹുവായ ദേവിയെ പ്രതിഷ്ഠിക്കുകയും ചെയ്തു. കൊടുങ്ങല്ലൂരിലും ആറ്റുകാലിലും ഉള്ളത് ശ്രീപാർവ്വതിയുടെ അവതാരമായ കണ്ണകിയാണെന്ന താണ്    വിശ്വാസം....''

ഇനി പൊങ്കാലയെ കുറിച്ച്  അല്പം കൂടി പറഞ്ഞു പാവം പ്രവാസി അവസാനിപ്പിക്കാം..പൊങ്കാല ഒരു ആത്മസമർപ്പണമാണ്. അതിലുപരി അനേകം പുണ്യം നേടിത്തരുന്ന ഒന്നായിട്ടാണ് പൊങ്കാല കരുതിപ്പോരുന്നത്. പൊങ്കാല അർപ്പിച്ച് പ്രാർത്ഥിച്ചാൽ മനസ്സിനുള്ളിലെ ആഗ്രഹങ്ങൾ സാധിച്ച് തരും എന്നുള്ള ഉറപ്പുമാണ് പൊങ്കാലയിലേക്ക് സ്ത്രീജനങ്ങളെ ആകർഷിക്കുന്നത്. പൊങ്കാലയ്ക്ക് മുൻപ് ഒരാഴ്ചയെങ്കിലും വ്രതം നോറ്റിരിക്കണം. കൂടാതെ ദിവസത്തിൽ രണ്ടുനേരം കുളിച്ച്, മത്സ്യം ,മുട്ട ,മാംസം  എന്നിവ വെടിഞ്ഞ് ഒരു തികഞ്ഞ സസ്യാഹാരം മാത്രം കഴിച്ച് മനഃശുദ്ധിയോടും ശരീര ശുദ്ധിയോടും കൂടി വേണം വ്രതം എടുക്കാൻ. അതിനു പുറമെ, പൊങ്കാലയുടെ തലേ ദിവസം ഒരിക്കൽ മാത്രമേ ആഹാരം കഴിക്കാവൂ.. ഇത്രയൊക്കെയേ പാവം പ്രവാസിയുടെ പരിമിതമായ അറിവില്‍ വന്നുള്ളൂ ..ഈ നോട്ട് പൂര്‍ണമായില്ലെന്ന് തോന്നുന്നു..എന്നാലും നിര്‍ത്താതെ തരമില്ല..എല്ലാ കൂട്ടുകാര്‍ക്കും ഭക്തിയുടെ നിറവില്‍ ആറ്റുകാല്‍ പൊങ്കാല ആശംസകള്‍ നേര്‍ന്നു കൊണ്ട് നിര്‍ത്തട്ടെ നിങ്ങളുടെ സ്വന്തം പാവം പാവം പ്രവാസി..!!!